ദുബായ് കാഴ്ചബംഗ്ളാവിലെ ചില കാഴ്ചകള്‍....
Taken with Sony DSC-H7

Taken with Sony DSC-H7

Posted by Jimmy at 12:16 PM 5 comments
കഥ നടക്കുന്നത് 1996-97 കാലഘട്ടത്തിലാണ്. സമയം രാവിലെ ഒരു പത്ത് മണിയായിക്കാണും. രാവിലെ കാപ്പികുടിയും, പിന്നെ വീടിന്‍റെ മുന്നിലൂടെ കടുത്തുരുത്തി സ്കൂളില്‍ പോവുന്ന പ്ളസ് ടു കുട്ടികളെയുമൊക്കെ പറഞ്ഞു വിട്ടു. കത്തിയടിക്കാന്‍ ഒരു ഇരയെ നോക്കിയിരിക്കുമ്പോള്‍ അതാ വരുന്നു നമ്മുടെ ചിരിയന്‍. രാവിലെ ചാടിചാടിയുള്ള വരവ് കണ്ടാലറിയാം... കടയിലേക്കാണെന്ന്. ചിരിയന്‍റെ സ്വതസിധമായ ചിരിയോടെയുള്ള കുശലാന്വേഷണം..
'എന്നാ ഉണ്ടെടാ വിശേഷം? '
'ഓ എന്നാ വിശേഷം.. ചുമ്മാ ഇങ്ങനെയിരിക്കുന്നു... '
രാത്രി പന്ത്രണ്ട് മണി കഴിഞ്ഞു കാണും ഞങ്ങളെല്ലാം വീടിണ്റ്റെ ടെറസ്സില്‍ നിന്നും കത്തിയടി കഴിഞ്ഞ് പിരിഞ്ഞപ്പോള്‍...അതിന്‍റെയിടക്ക് ഇനി എന്തു വിശേഷം ഉണ്ടാവാന്‍... ഞാന്‍ മനസ്സില്‍ പറഞ്ഞു...
'നിനക്കിന്നു പോകണ്ടേ?
' എവിടെ പോകാന്‍..? ആപ്ടെക്കിലെ ക്ളാസ്സ് ഒക്കെ കഴിഞ്ഞ് ജോലി ഒന്നും ആവാതെ വീട്ടിലിരിക്കുന്ന സമയം. ചോദ്യം കേട്ടാല്‍ ജില്ലാ കളക്ടറോട് കളക്ടറേറ്റില്‍ പോണില്ലേ എന്ന് ചോദിക്കുന്ന പോലെയാണ്.
'രാവിലത്തെ ഡ്യൂട്ടി കഴിഞ്ഞു... പിള്ളെരെയൊക്കെ കോളേജില്‍ വിട്ടു. ഇനി നാലുമണി വരെ ഞാന്‍ ഫ്രീ ആണ്. '
അങ്ങനെ അവനുമായി സംസാരിച്ചിരിക്കുമ്പോള്‍ അനീഷ് വീട്ടില്‍ നിന്നും ഓടിയിറങ്ങി വരുന്നു.... അളിയന്‍റെ മുഖത്ത് ലോട്ടറി അടിച്ച സന്തോഷം.... 'അളിയന്‍മാരെ... ഇന്ന് ഞങ്ങള്‍ക്ക് ഫോണ്‍ കണക്ഷന്‍ കിട്ടും....ഇന്നലെ എക്സ്ചേഞ്ചില്‍ നിന്ന് അവര്‍ വന്ന് പറഞ്ഞു'.
'അപ്പോള്‍ ഇന്നത്തെ ചിലവ് നിണ്റ്റെ വക... വേഗം കടുത്തുരുത്തിക്കു പോയി ഒരു ത്രിഗുണന്‍ വാങ്ങി വാ... ' ഈ സംഭവം നമുക്കൊന്ന് ആഘോഷിക്കണം.... ഞങ്ങള്‍ പറഞ്ഞു.
സത്യം പറഞ്ഞാല്‍ ആ കാലഘട്ടത്തില്‍ അത് ഒരു വലിയ സംഭവം തന്നെ ആയിരുന്നു. ആ എരിയായില്‍ ഫോണുള്ളത് വിരരിലെണ്ണാവുന്ന ആളുകള്‍ക്കു മാത്രം. ഫോണിനു് അപേക്ഷ കൊടുത്ത് കാലങ്ങളോളം കാത്തിരിക്കണം... എത്ര അമ്പലങ്ങളില്‍ നേര്‍ച്ച നേരണം.... ആ മണിയടി ശബ്ദം ഒന്നു കേള്‍ക്കാന്‍... മൊബൈല്‍ ഒന്നും ഒരു വിധൂര സ്വപ്നമായി പോലും ആരുടെയും തലയിലേക്കു വന്നിട്ടില്ല.
ഞാനും ചിരിയനും മുഖത്തോടു മുഖം നോക്കി... നോട്ടത്തിന്‍റെ അര്‍ഥം പിടി കിട്ടി. ഒരുത്തനു പണി കൊടുക്കാന്‍ പറ്റിയ ചാന്‍സ്. 'എന്നാല്‍ ഞാന്‍ കടയില്‍ പോയിട്ടു വരാം..' ചിരിയന്‍ പറഞ്ഞു.
അനീഷ് കടുത്തുരുത്തിക്കു പോയി ഒരു ത്രിഗുണനും കോളയും പിന്നെ പൊടിയന്‍റെ ബേക്കറിയിലെ മിക്സ്ചറുമൊക്കെവാങ്ങി സ്റ്റോക്ക് ചെയ്തു. ഒരു പതിനൊന്ന് മണി ആയപ്പോഴേക്കും ചിരിയന്‍ തിരിച്ചു വന്നു. അപ്പോള്‍ അനീഷിന്‍റെ വീടിണ്റ്റെ മുന്നില്‍ ഒരു ജീപ്പ് നില്‍ക്കുന്നതു കണ്ടു. ടെലിഫോണ്‍ എക്സ്ചേഞ്ചിലെ ജീപ്പ് ആണ്. അവരുടെ പണി തക്രുതിയായി നടക്കുന്നു. അവര്‍ പോസ്റ്റില്‍ നിന്നു വീടു വരെ ലൈന്‍ വലിച്ചു. ദൈവം സഹായിച്ച് വീട് വഴിയരികില്‍ ആയിരുന്നത് കൊണ്ട് വേറെ പോസ്റ്റ് ഇടേണ്ടി വന്നില്ല. അതുകൊണ്ട് ആ പണി കഴിഞ്ഞു. വീട്ടില്‍ ഒരുപാട് ആളുകള്‍ കൂടിയിട്ടുണ്ട്. വഴിപോക്കര്‍ കണ്ടാല്‍ എന്തോ വല്യ ആഘോഷമാണെന്നേ കരുതൂ. ഫോണ്‍ ഫിറ്റ് ചെയ്തിട്ട് പണിക്കാര്‍ ഉമ്മറത്തേക്കു വന്നു.
സന്തോഷം കൊണ്ട് അനീഷിന്‍റെ മുഖം വിടര്‍ന്നു. 'അപ്പോ എങ്ങനെയാ... ഒരെണ്ണം അടിക്കുവല്ലേ...?' അനീഷ് പണിക്കാരോടു ചോദിച്ചു. ചോദിച്ചില്ലെങ്കിലും അത് അവരുടെ അവകാശമാണ്. ഇലക്ട്രിസിറ്റി, ഫോണ്‍... ഈ രണ്ട് കാര്യങ്ങള്‍ക്കു വരുന്ന പണിക്കാരെ ഒന്നു സന്തോഷിപ്പിച്ചു വിടുക എന്നത് അന്നത്തെ നാട്ടുനടപ്പാണ്. ഞങ്ങളെ അറിയിക്കാതെ അനീഷ് വാങ്ങിയ എം. സി. യുടെ കഴുത്തു പൊട്ടിച്ച് രണ്ട് ഗ്ളാസ്സില്‍ ഒഴിച്ചു വെള്ളവുമൊഴിച്ച് പണിക്കാരുടെ നേരെ നീട്ടി. പശു കാടി കുടിക്കുന്നപോലെ ഒറ്റ വലിക്ക് അകത്താക്കി വീണ്ടും ഗ്ളാസ് നീട്ടി. വീണ്ടും ഓരോ തൊണ്ണൂറ് വീതം ഒഴിച്ചു കൊടുത്തു. പോയ വഴി കണ്ടില്ല... 'ഗുരോ നമസ്തേ.... ദെ ആര്‍ റിയലി പ്രൊഫെഷനത്സ്....' ഞാന്‍ മനസ്സില്‍ പറഞ്ഞു... സന്തോഷം സഹിക്കാന്‍ കഴിയാതെ അനീഷ് ഒരു നൂറു രൂപ നോട്ടെടുത്ത് അതില്‍ ഒരാളുടെ പോക്കറ്റില്‍ ഇട്ടു കൊടുത്തു. കൂടെ ചെവിയില്‍ ഒരു കിന്നാരവും.
'ചേട്ടാ... ഉടന്‍ തന്നെ ഇതു ആക്റ്റിവേറ്റ് ചെയ്യണേ... '
'അതിനെന്താ ഞങ്ങള്‍ ഓഫീസ്സില്‍ ചെന്നാല്‍ ഉടന്‍ തന്നെ വിളിച്ചേക്കാം...' ഒരു പേപ്പറില്‍ പുതിയ ഫോണ്‍ നമ്പര്‍ കുറിച്ചു കൊടുത്തു. 2251. അവരുടെ ജീപ്പ് പതിയെ നീങ്ങിത്തുടങ്ങി. ഒരു നെടുവീര്‍പ്പോടെ അനീഷ് അവരെ യാത്രയാക്കി...
അനീഷ് ഫോണിന്‍റെ മൂട്ടില്‍ തന്നെ കുത്തിയിരിപ്പാണ്. കാപ്പി വേണ്ട.... ഊണു വേണ്ട.. ഒരു ഗ്ളാസ് വെള്ളം പോലും വേണ്ട. കടിഞ്ഞൂല്‍ പ്രസവത്തിന് ഭാര്യയെ ലേബര്‍ റൂമില്‍ കയറ്റിക്കഴിഞ്ഞ് വെളിയില്‍ അക്ഷമനായി കാത്തിരിക്കുന്ന ഭര്‍ത്താവിനേപ്പോലെ, നൊന്തു പെറ്റ ഫോണിന്‍റെ ആദ്യത്തെ കരച്ചില്‍ കേല്‍ക്കാനായി അനീഷ് ചെവികൂര്‍പ്പിച്ചിരിക്കുന്നു. അവന്‍റെ നെഞ്ചിടിപ്പ് പോലും വ്യക്തമായി കേള്‍ക്കാം... അപ്പോള്‍ അതാ... ണിം... ണിം... ണിം... അവിടെ തളം കെട്ടി നിന്ന നിശബ്ദതയെ കീറിമുറിച്ചുകൊണ്ട്... കന്യകയായ ആ ഫോണ്‍ ബെല്ലടിക്കുന്നു... (അവന് അറ്റാക്ക് വരാത്തതു ഭാഗ്യം..!!!) അനീഷ് ഫോണിനെ വാരിപ്പുണര്‍ ന്നു. വിറയാര്‍ന്ന കൈകളോടെ റിസീവര്‍ ചെവിയോടു ചേര്‍ത്തു പിടിച്ചു. 'ഹ്... ഹ്... ഹലോ....' നേര്‍ത്ത സ്വരം വെളിയിലേക്കു വരുന്നു... ആകെ മൊത്തം ഒരു വിറയല്‍ ബാധിച്ചിട്ടുണ്ട്. ഫോണിലൂടെ ഒഴുകിയെത്തിയ ജോണിച്ചേട്ടന്‍റെ ശബ്ദം ഇത്രയും മനോഹരമായിരുന്നുവെന്ന് അവന്‍ ഇന്നാദ്യമായറിഞ്ഞു. ഫോണ്‍ വര്‍ക്കിങ്ങാണല്ലൊ അല്ലെ... എന്നാല്‍ ശരി. പിന്നെ വിളിക്കാം.. ജോണിച്ചേട്ടന്‍ ഫോണ്‍ വച്ചു.
അനീഷ് അപ്പോള്‍ തന്നെ ആ പ്രദേശത്ത് ആദ്യത്തെ ഫോണ്‍ ഉടമയായ അന്തോണിച്ചേട്ടനെ വിളിച്ചു. അന്തോണിച്ചേട്ടാ... ഫോണ്‍ കിട്ടി. വല്ലപ്പോഴും വിളിക്കണം... അന്തോണിച്ചേട്ടനെ വിളിക്കാന്‍ മറ്റൊരു കാര്യം കൂടിയുണ്ട്. മിക്കവാറും അവിടെയാണ് രേഖ ടി.വി. കാണാന്‍ വരുന്നത്. അവിടെ ഒരു ചര്‍ച്ചാവിഷയമായാല്‍ രേഖ അറിഞ്ഞോളും... ഒരു വൈയ്റ്റിന് ഇരിക്കട്ടെ....
രംഗം ഒന്ന് ശാന്തമായപ്പോള്‍ ഞാനും ചിരിയനും പതിയെ അവിടെ നിന്ന് മുങ്ങി...ഒരു അര മണിക്കൂറ്‍ കഴിഞ്ഞ് പതിയെ ഞങ്ങള്‍ വീട്ടിലെ ഫോണില്‍ നിന്നും 2251 ഡയല്‍ ചെയ്തു. രണ്ടാമത്തെ ബെല്ലിന് അനീഷ് ഫോണ്‍ എടുത്തു. ഞാന്‍ പറഞ്ഞു.. 'ഹലോ.. ഞാന്‍ എക്സ്ചേഞ്ചില്‍ നിന്ന് വക്കച്ചനാണ്. ലൈനില്‍ ഡിസ്റ്റര്‍ബന്‍സ് ഉണ്ടോ എന്ന് നോക്കാന്‍ വിലിച്ചതാണ്. എനിക്കു നന്നായി കേള്‍ക്കാന്‍ പറ്റുന്നില്ലല്ലോ... ''എനിക്ക് നന്നായി കേള്‍ക്കാം. ' അനീഷ് പറഞ്ഞു 'കുറച്ചു കൂടി ഉറക്കെ പറയാമോ...' ഞാന്‍ ചോദിച്ചു. അങ്ങനെ ശബ്ദം കൂട്ടിക്കൂട്ടി ഞങ്ങള്‍ക്ക് വീടിന്‍റെ ഉള്ളില്‍ നില്‍ക്കൂമ്പോള്‍ തന്നെ അനീഷിന്‍റെ ശബ്ദം കേള്‍ക്കാമെന്നായി.
അപ്പോള്‍ ഞാന്‍ പറഞ്ഞു 'ലൈനില്‍ എന്തോ പ്രശ്നമുണ്ട്. ഒരു കാര്യം ചെയ്തേ... ചെറുതായി ഒന്ന് കൂവിക്കേ...' കൂവാന്‍ പറഞ്ഞപ്പോള്‍ അനീഷിനൊരു മടി. വീണ്ടും പറഞ്ഞപ്പോള്‍ അവന്‍ ചെറുതായി ഒന്ന് കൂവി. ലൈനിലെ ഡിസ്റ്റര്‍ബന്‍സ് മാറ്റാന്‍ വേണ്ടിയല്ലേ... 'നന്നായി കേള്‍ക്കാന്‍ വയ്യ ഒന്നൂടെ ഉച്ചത്തില്‍ കൂവാമോ...? അതിനനുസ്സരിച്ച് ഞാന്‍ ലൈന്‍ അഡ്ജസ്റ്റ് ചെയ്തോളാം...' ഞാന്‍ വീണ്ടും അവനെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. ഒരു അഞ്ച് മിനിറ്റോളം ഈ പരിപാടി തുടര്‍ന്നു. അയല്‍പക്കക്കാരൊക്കെ വീടിന് വെലിയിളിറങ്ങി നോക്കാന്‍ തുടങ്ങി. അടുത്ത വീട്ടിലെ സരസമ്മ ചേച്ചി അവിടെ നിന്ന് വിളിച്ചു ചോദിക്കുന്നത് ഞങ്ങള്‍ക്ക് കേള്‍ക്കാം... 'ശാരദേ... എന്തു പറ്റി അനീഷിന്..? കുറച്ചു മുന്‍പ് വരെ യാതൊരു കുഴപ്പവുമില്ലായിരുന്നല്ലോ... '
ഇത്രയുമായപ്പോള്‍ അനീഷിനും എന്തോ പന്തികേടു തോന്നി... എനിക്ക് ചിരി വന്നിട്ട് ഒന്നും സംസാരിക്കാനും പറ്റുന്നില്ല.. അവന്‍ പതിയെ ഫോണ്‍ വെച്ചിട്ട് വെലിയിലിറങ്ങി നോക്കി. ചിരിയന്‍ ചോദിച്ചു 'ലൈനിലെ ഡിസ്റ്റര്‍ബന്‍സ് ഒക്കെ നല്ലപോലെ മാറിയല്ലൊ അല്ലേ...' അപ്പോള്‍ അനീഷിന്‍റെ മുഖത്തെ ചമ്മല്‍ കണ്ടിരുന്നെങ്കില്‍ മുഖത്ത് കാക്ക തൂറി എന്ന് പറഞ്ഞ ജഗദീഷ് വരെ മാറി നിന്നേനെ...
Posted by Jimmy at 6:15 PM 4 comments
© Free Blogger Templates 'Photoblog II' by Ourblogtemplates.com 2008
Back to TOP